Saturday, June 15, 2013

മറക്കുന്ന കടമകള്‍

ജീവിതത്തിലെ ചെറിയ ചെറിയ സംഭവങ്ങള്‍ പോലും, നമ്മെ പലതും പഠിപ്പിക്കാറുണ്ട്. പക്ഷെ നമ്മള്‍ പലതും കാണാറില്ല എന്ന് മാത്രം.
ഒരു ഉച്ച സമയത്ത് ഓട്ടുപാറ Govt ഹോസ്പിറ്റലിന്റെ, വടക്കാഞ്ചേരിയില്‍ നിന്നും വരുന്ന ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ആണ് ആ പ്രായമായ അമ്മ ഒറ്റയ്ക്ക് വന്നിറങ്ങുന്നത്. (എന്റെ ബസ്സ്‌ വരാന്‍ അര മണിക്കൂര്‍ സമയം ഉണ്ട്)
അവരുടെ തളര്‍ച്ചയും ക്ഷീണവും കണ്ടാണ്‌ നോക്കിയത്. വല്ലാത്ത പനീ മോനെ, ഇപ്പൊ നടക്കാന്‍ പറ്റുന്നില്ല. അങ്ങനെയാണ് അവരുടെ കൂടെ ഹോസ്പിറ്റലിലേയ്ക്ക് പോയത്. മക്കള്‍ എല്ലാവരും പുറത്താണ്. അമ്മയും വേലക്കാരിയും, മാത്രം വീട്ടില്‍. ടാക്സി വിളിച്ചു പോകാന്‍ മക്കള്‍ വിളിച്ചു പറഞ്ഞതാണ്, പക്ഷെ അവരുടെ ചെറുപ്പത്തിലെ ജീവിതവും, കഷ്ട്ടപ്പാടും, ഇപ്പ്പോഴും ഓരോ നാണയവും ശേഖരിച്ചു വെക്കാന്‍ മാത്രമേ അവര്‍ക്കറിയൂ.

എപ്പോഴോ എന്റെ കൈയ്യില്‍ പിടിച്ച അവരുടെ തളര്‍ന്ന, ചുട്ടു പൊള്ളുന്ന കൈ, ഞാന്‍ പോകുന്നത് വരെ അവര്‍ ആ പിടി വിടാന്‍ കൂട്ടാക്കിയിരുന്നില്ല. ഡോക്ട്ടര്‍ ഇന്‍ജക്ഷന്‍ എടുക്കണം എന്ന് പറഞ്ഞപ്പോള്‍ അവരുടെ മുഖം മാറി. ഒരു കൊച്ചു കുഞ്ഞിന്റെ വാശി. നേഴ്സ് ദേഷ്യപ്പെട്ടപ്പോള്‍ മാത്രമാണ് അവര്‍ സമ്മതിച്ചത്. നേര്‍ത്ത സൂചിയുടെ വേദനയില്‍ അവര്‍ എന്റെ കയ്യില്‍ മുറുക്കിപ്പിടിച്ചു. അവരുടെ നഖങ്ങള്‍ എന്നെയും ഒന്നു ചെറുതായി വെധനിപ്പിച്ചൂ. ഒരു ചെറിയ പാട്. രണ്ടു മൂന്നു ദിവസം വെച്ച് താമസിപ്പിച്ചതിന് അപ്പോഴും ഡോക്ടര്‍ അവരെ ശകാരിക്കുന്നുണ്ടായിരുന്നൂ. അവരെ അവിടെ അട്മിട്റ്റ് ചെയ്തു.

എന്റെ കണ്ണുകള്‍ അപ്പോഴും വാച്ചിലായിരുന്നൂ, ഒരു ബസ് പോയാല്‍ അടുത്തത് അര മണിക്കൂര്‍ കഴിഞ്ഞു മാത്രമാണ്. അവരുടെ തളര്‍ന്ന നോട്ടം ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ഒരു ബൈസ്ടാന്ടെര്‍ വരുന്നത് വരെ കൂടെ നില്‍ക്കാനുള്ള ക്ഷമ പോലും ഞാന്‍ കാണിച്ചില്ല.

ഞാനുമൊരു സ്വാര്‍ത്ഥന്‍ ആയിരുന്നുവല്ലേ ??? എന്റെ അമ്മ ആയിരുന്നുവെങ്കില്‍ ഞാന്‍ അവരെ അങ്ങനെ ഉപേക്ഷിച്ചു ഓടുമായിരുന്നോ?? ഒരിക്കലുമില്ല. പക്ഷെ അന്ന് അത്രയ്ക്ക് ബുദ്ധി ഒക്കെയേ ഉണ്ടായിരുന്നൊള്ളൂ.

ഇപ്പോള്‍ എനിക്കറിയാം. വാര്ധക്ക്യം എന്നത് ബാല്യ കാലത്തിലേക്കുള്ള ഒരു തിരിച്ചു പോക്കാണ്. അവര്‍ക്ക് വേണ്ടത് പണമല്ല, സ്നേഹവും, കരുതലും, സംരക്ഷനവുമൊക്കെയാണ്. അത് നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അതൊരു കടം വീട്ടലല്ല, വീട്ടിതീര്‍ക്കാന്‍ സാധിക്കുന്ന ഒന്നല്ല താനും.

ജീവിതത്തില്‍ സ്നേഹിച്ച പലരെയും കാണാതെ പോയിട്ടുണ്ട്, അര്‍ഹിക്കാത്ത പല സ്നേഹവും ലഭിച്ചിട്ടുമുണ്ട്. ഉപാധികള്‍ ഇല്ലാതെ സ്നേഹിക്കാന്‍ പഠിക്കുകയാണ് ഞാനിപ്പോള്‍

മരിക്കാത്ത ഒരോര്‍മ്മ......

മരിക്കാത്ത ഒരോര്‍മ്മ......

വെളുപ്പിന് തന്നെ മീനച്ചിലാറ്റില്‍ കുളിച് ,ഈറനോടെ ശ്രീകോവിലില്‍ നില്‍ക്കുന്ന ഒരു യുവാവ്. തിരുമെനിയെപ്പോലും പരാജിതനാക്കി ഉരുവിടുന്ന മനോഹരമായ ശ്ലോകങ്ങള്‍ . പക്ഷെ ചില ദിവസങ്ങളില്‍ , അമ്പലത്തില്‍ നിന്നും കത്തിച്ചു പിടിച്ച ഒരു മെഴുകു തിരിയുമായി,എന്തൊക്കെയോ ഉരുവിട്ട് കൊണ്ട് ഏകദേശം രണ്ടു കിലോമീടര്‍ അകലെയുള്ള പുന്നത്രപ്പള്ളിയിലെയ്ക്ക് നടക്കും.അവിടെയെത്തി, രണ്ടോ മൂന്നോ വട്ടം പള്ളിയ്ക്ക് പ്രദക്ഷിണം വെച്ച്, കെടാതെ സൂക്ഷിച്ച മെഴുകു തിരിയുമായി, അമ്പലത്തില്‍ തിരിച്ചെത്തും.
അദ്ദേഹം എന്താണ് ഉധേസിചിരുന്നത്???

ഇത് ജീവന്‍ (യഥാര്‍ത്ഥ പേരല്ല). സുമുഖന്‍ , ക്ലീന്‍ ഷേവ് ചെയ്തു, തിളങ്ങുന്ന, ,കുലീനത നിറഞ്ഞ മുഖം, ശാന്ത സ്വഭാവം. അലക്കിതേച്ച വെള്ള മുണ്ടും ഷര്‍ട്ടും വേഷം. ജീവിതത്തില്‍ പലതും വെട്ടിപ്പിടിക്കേണ്ടിയിരുന്നവന്‍
മാനസിക നില തകരാരിലായവന്‍ എന്നാരും പറയില്ല.

നാടന്‍ പെണ്ണും നാട്ടുപ്രമാണിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. ഇടവേളയില്‍ വിശ്രമിക്കുന്ന ജയറാമും ശ്രീവിദ്യയും. ഒന്ന് കാണാനും തൊടാനും സംസാരിക്കാനും ഉള്ള അടക്കാനാവാത്ത ആഗ്രഹത്താല്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ജനക്കൂട്ടത്തിനിടയിലൂടെ ജീവന്‍ കൂളായി അവര്‍ക്കരികിലെയ്ക്ക് ചെന്നൂ. ആരും തടഞ്ഞില്ല. ഹലോ, ഞാന്‍ ജീവന്‍ , ജയറാമിന് ഒരു ഷേക്ക്‌ ഹാന്‍ഡ്. കുലീനനായ ആ ആളെ മനസ്സിലാവാതെ ജയറാം ഒരു പുഞ്ചിരിയിടെ കൈ കൊടുത്തു. നമസ്തെ, ഞാന്‍ ജീവന്‍ , ശ്രീവിദ്യക്ക് ഒരു കൂപ്പു കൈ. അവര്‍ ബഹുമാനത്തോടെ എണീറ്റ്‌ നിന്ന് പറഞ്ഞു, നമസ്തേ. ചിരിച്ചു മറിഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലൂടെ മറ്റൊന്നും പറയാതെ നിര്‍ന്നിമേഷനായി ഒരു രാജാവിന്റെ പ്രൌടിയോടെ ജീവന്‍ നടന്നു മറഞ്ഞു.
അന്ന് എന്തിനായിരുന്നു എല്ലാവരും ചിരിച്ചത്???

ശേഷം കുറച്ചു നാട്ടുകാരും, സുഹൃത്തുക്കളും ചേര്‍ന്ന് അദ്ധേഹത്തെ ഹോസ്പിറ്റലില്‍ ആക്കാനൊരു ശ്രമം നടത്തി. ജീവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, ഞാന്‍ ഡ്രസ്സ്‌ മാറി ഇപ്പോള്‍ വരാം. പക്ഷെ അദ്ദേഹം പറഞ്ഞതിന്റെ വിശാലമായ അര്‍ഥം മനസ്സിലാക്കാന്‍ പാവങ്ങളായ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല. അഞ്ചാറു മിനിട്ട് കഴിഞ്ഞും കാണാതായപ്പോള്‍ അകത്തു കയറി നോക്കിയ സുഹൃത്തുക്കള്‍ കണ്ടത് ഒരു കയറിന്റെ കുരുക്കിന്‍ തുമ്പില്‍ ഒരു ചോദ്യ ചിഹ്നം പോലെ ആടുന്ന ജീവനെയാണ്‌...
അവിടെയും അയാള്‍ എല്ലാവരെയും തോല്‍പ്പിച്ചു കളഞ്ഞു. ചിലപ്പോള്‍ ഒരു പുതിയ ഒരു വേഷത്തില്‍ ഇപ്പോള്‍ നമ്മോടൊപ്പം ഉണ്ടാവാം, തിരിച്ചറിയപ്പെടാതെ.

പിന്നീട് പലരും പരസ്പരം ചോദിച്ചു,

യദാര്‍ത്ഥത്തില്‍ ആര്‍ക്കായിരുന്നു ഭ്രാന്ത്.....??? അവനോ അതോ നമ്മള്‍ക്കോ.....???